Oct 16, 2008

സ്ഥാപനങ്ങളില്‍ നിന്നും ഇറങ്ങിപോയ ഒരാള്‍

മരണം മുന്നില്‍ കണ്ടെന്ന പോലെ 2008 ജൂണ്‍ മാസം അവസാനമായി ഇറങ്ങിയ പ്രസാദം മാസികയില്‍ വായനക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ജോണ്‍ സി. ജേക്കബ്‌ എഴുതിയ കത്തിന്റെ പൂര്‍ണ്ണരൂപം :

സ്‌നേഹമുള്ള കുടുംബാംഗങ്ങളെ,
1936-ലാണ്‌ ഞാന്‍ ജനിച്ചത്‌. അടുത്ത സെപ്‌തംബറില്‍ എനിക്ക്‌ 72 വയസ്സ്‌ തികയും. ഏതാണ്ട്‌ 3 വയസ്സ്‌ മുതലുള്ള ഒരുപാടു കാര്യങ്ങള്‍ ഇന്നും എന്റെ മനസ്സിലുണ്ട്‌. എന്റെ അനുഭവങ്ങള്‍ നിങ്ങളുമായി പങ്കുവെക്കാന്‍ ഏറെ ആഗ്രഹിച്ചാണ്‌ ഞാന്‍ എന്റെ ജീവിതാനുഭവങ്ങള്‍ പ്രസാദത്തില്‍ പ്രസിദ്ധീകരിച്ചത്‌. അത്‌ ഒന്ന്‌ എഡിറ്റു ചെയ്‌ത്‌ പുസ്‌തകമാക്കാന്‍ ഏറെ ആഗ്രഹമുണ്ട്‌. പക്ഷേ, ഇന്നത്തെ എന്റെ സ്ഥിതിയില്‍ അക്കാര്യം നടക്കുമെന്ന്‌ തീര്‍ച്ചയില്ല.

ഞാന്‍ ഒരു ക്രിസ്‌ത്യന്‍-പ്രൊട്ടസ്റ്റന്റ്‌ വിഭാഗത്തിലാണ്‌ ജനിച്ചത്‌. ആദ്യം അത്‌ C.M.S. എന്ന വിഭാഗമായിരുന്നു. പിന്നീട്‌ അത്‌ ചര്‍ച്ച്‌ ഓഫ്‌ സൗത്ത്‌ ഇന്ത്യയായി മാറി. ഞാന്‍ ജനിക്കുമ്പോള്‍ എന്റെ അച്ഛന്‍ മദ്രാസ്സ്‌ ക്രിസ്‌ത്യന്‍ കോളേജിലെ ഒരു ഫൈനല്‍ ഇയര്‍ ഓണേഴ്‌സ്‌ വിദ്യാര്‍ത്ഥിയായിരുന്നു. എന്റെ പേരിലെ 'C' എന്ന അക്ഷരം അതിന്റെ അവശിഷ്ടമാണ്‌. കോളേജിലെ ഒരു അദ്ധ്യാപകന്റെ കുട്ടിക്കിട്ടിരുന്ന ക്രിസ്റ്റഫര്‍ എന്ന പേരു തന്നെയായിരുന്നു അച്ഛന്‍ എനിക്കു തന്നത്‌. ആ പേരിനര്‍ത്ഥം ക്രിസ്‌തുവിനെ വഹിക്കുന്നവന്‍ എന്നാണ്‌.

എന്റെ ബാല്യകാലത്ത്‌ ഞായറാഴ്‌ചകളിലെ പള്ളിയാരാധനിയില്‍ പങ്കു കൊണ്ടു. പള്ളിയിലെ ഗായക സംഘത്തിലെ അംഗമായിരുന്നു. കൂടാതെ സന്‍ഡേ സ്‌കൂളില്‍ ഏറെ കാലം പഠിപ്പിച്ചുമിരുന്നു. ഏഴു വയസ്സായപ്പോള്‍ എനിക്കു കിട്ടിയ സമ്മാനം ഒരു സ്‌ത്യവേദപുസ്‌തകം (ബൈബിള്‍) ആയിരുന്നു. നിഷ്‌ഠയോടെ അതു വായിക്കുകയും പഠിക്കുകയും ചെയ്‌തു. കിട്ടാവുന്നത്ര വ്യാഖ്യാനങ്ങളും ഞാന്‍ പഠിച്ചു. പതിനാലു വയസ്സു വരേയെങ്കിലും ഞാനതു തുടര്‍ന്നു. അങ്ങിനെ ഞാന്‍ മനസ്സിലാക്കി യേശുവും ക്രിസ്‌തുമതവും വിപരീത ദിശകളിലാണ്‌ ഉള്ളത്‌ എന്ന്‌. യേശു ചെയ്യരുത്‌ എന്ന്‌ കല്‍പിച്ചതെല്ലാം സഭ ചെയ്യുന്നു. ചെയ്യാന്‍ പറഞ്ഞതൊന്നും ചെയ്യുന്നുമില്ല. അങ്ങിനെ ഞാനൊരു വല്ലാത്ത മനസ്ഥിതിയിലായി. പോകുന്നതു പോലെ പോകട്ടെ എന്നു വിചാരിച്ച്‌ അക്കാര്യം മനസ്സില്‍ നിന്ന്‌ മാറ്റി വെക്കാന്‍ ശ്രമിച്ചു.

എന്റെ ഡിഗ്രിയും ബിരുദാനന്തര ബിരുദവും മദ്രാസ്‌ ക്രിസ്‌ത്യന്‍ കോളേജിലായിരുന്നു. അതെന്റെ വലിയൊരു വഴിത്തിരിവായി. പിന്നീട്‌ ദേവഗിരിയില്‍ ചേര്‍ന്നപ്പോള്‍ ഭാരതത്തിന്റെ ചിന്തയെപ്പറ്റി അറിയാനും അല്‍പമൊക്കെ പഠിക്കാനും കഴിഞ്ഞു. എല്ലാറ്റിനേയും ഒന്നായി കാണാനും ജീവനേയും ജീവികളേയും സ്‌നേഹിക്കാനുമുള്ള പരിശീലനമായിരുന്നു മദ്രാസ്‌ ക്രിസ്‌ത്യന്‍ കോളേജില്‍ നിന്നും എനിക്ക്‌ കിട്ടിയത്‌. ഭാരതീയ ചിന്തയുമായി അത്‌ ഏറെ ഒത്തു പോവുന്നു. എന്ന്‌ ഞാന്‍ കണ്ടു. ആദ്യം അന്നത്തെ രാഷ്ട്രപതിയായിരുന്ന ഡോ. രാധാകൃഷ്‌ണന്റെ ലേഖനങ്ങളും കുറിപ്പുകളുമായിരുന്നു. പിന്നീട്‌ രാമകൃഷ്‌ണ പരമഹംസനെക്കുറിച്ചറിഞ്ഞു. വിവേകാനന്ദ സാഹിത്യം എന്നെ ഒരു പുതിയ അറിവിലേക്ക്‌ നയിച്ചു. എനിക്ക്‌ സംസ്‌കൃതം അറിയില്ല. എങ്കിലും ഇംഗ്ലീഷിലൂടെ വേദാന്തത്തെപ്പറ്റി അല്‍പസ്വല്‍പം പഠിക്കാന്‍ കഴിഞ്ഞു. ഇക്കാലമത്രയും എന്റെ ഉള്ളില്‍ കിടന്ന ആശയങ്ങളാണല്ലൊ അവ എന്ന്‌ എനിക്കു മനസ്സിലായി. മനസ്സില്‍ നിറഞ്ഞുകിടന്ന അന്ധകാരം മാറുവാന്‍ തുടങ്ങി. എല്ലാറ്റിനേയും ഒന്നായി, ഒന്നിന്റെ ഭാഗമായി കണ്ട്‌ ബഹുമാനിക്കാനും സ്‌നേഹിക്കാനും ഞാന്‍ പഠിച്ചു. ആ പഠനം ഇന്നും തുടരുന്നു. ഒടുവില്‍ ഞാന്‍ ആര്യസമാജത്തില്‍ പോയി ഒരു ഹിന്ദുവായി മാറി.

യേശുവിന്റെ വചനങ്ങള്‍ കൂട്ടാക്കാതെ അദ്ദേഹത്തെ അപമാനിക്കുന്ന ഒരു മതത്തില്‍ തുടരുക എന്നത്‌ അസഹ്യമായതുകൊണ്ടാണ്‌ ഞാനിപ്രകാരം ചെയ്‌തത്‌. എന്റെ ഇപ്പോഴത്തെ പേര്‌ വാസുദേവന്‍ എന്നാണ്‌. പൂര്‍ണ്ണമായി പറഞ്ഞാന്‍ വാസുദേവന്‍ നന്ദിക്കര എന്ന്‌. ജോണ്‍സി എന്ന പേര്‌ തുടര്‍ന്നത്‌ ആ പേരിലാണ്‌ ഞാന്‍ അറിയപ്പെടുന്നത്‌ എന്നതുകൊണ്ടായിരുന്നു. ക്രിസ്‌തുമതം ഉപേക്ഷിച്ച അന്ന്‌ രാത്രിയില്‍ ഞാന്‍ യേശുവിനോട്‌ പറഞ്ഞു : "കര്‍ത്താവേ, ഞാനിപ്പോള്‍ ക്രിസ്‌തുമതത്തിന്റെ പുറത്തായി" എന്ന്‌. ഉടനേ അദ്ദേഹം "മോനേ, ഞാനൊരിക്കലും അതില്‍ ഉണ്ടായിരുന്നില്ലല്ലൊ" എന്ന മറുപടിയും തന്നു.

എന്നില്‍ പാരിസ്ഥിതിക ചിന്തകള്‍ എന്റെ ശൈശവത്തില്‍ ആരംഭിച്ചതാണ്‌. മദ്രാസ്‌ കലാലയത്തിലെ നാലു വര്‍ഷങ്ങള്‍ - ആ 750 ഏക്കര്‍ മുള്‍ക്കാടും ജന്തു സമൂഹവും ആ ചിന്തകളെ പുഷ്ടിപ്പെടുത്തി. ഇക്കാര്യത്തില്‍ എന്റെ ഗുരു ഡോ. ജോഷ്വയും മറ്റു പല അദ്ധ്യാപകരും എന്നെ ഒരുപാട്‌ സ്വാധീനിച്ചു. 1960-ല്‍ ദേവഗിരിയില്‍ ചേര്‍ന്നതോടെ എന്റെ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. എന്റെ രണ്ടാമത്തെ ഗുരു നിത്യചൈതന്യ യതിയും എന്നെ അനുഗ്രഹിച്ചു. ആദ്യത്തെ ഗുരു എന്നെ പ്രകൃതിയില്‍ നിന്ന്‌ പഠിക്കാന്‍ ഉപദേശിച്ചപ്പോള്‍ രണ്ടാമത്തെ ഗുരു എന്നോട്‌ മനസ്സാക്ഷിയൊഴികെ ഒന്നിനേയും ഭയപ്പെടരുത്‌ എന്ന ഉപദേശമാണ്‌ തന്നത്‌.

പ്രകൃതി ഈശ്വരനാണ്‌. ഈശ്വര ചൈതന്യമാണ്‌ എന്ന്‌ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. എല്ലാം വിശുദ്ധമാണ്‌. ഇവിടെ മനുഷ്യന്‌ പ്രത്യേക അവകാശങ്ങള്‍ ഇല്ല. ഒരു ആനയ്‌ക്കുള്ള അവകാശം ഒരു ഉറുമ്പിനും ഉണ്ട്‌. പ്രകൃതിയുടെ നിയമം എല്ലാറ്റിനും നിലനില്‍പും സൗഭാഗ്യവും തന്നരുളുന്നു. നിയമലംഘനം സര്‍വ്വനാശത്തിലും എത്തിക്കും.

അങ്ങിനെ കഴിഞ്ഞ അര നൂറ്റാണ്ടോളം വരുന്ന എന്റെ ജീവിതത്തില്‍ ഞാന്‍ പഠിച്ചതും ഈ ഒരു സത്യം മാത്രമായിരുന്നു. ഇതില്‍ ഞാന്‍ മാത്രമല്ല ഉള്ളത്‌ എന്ന്‌ എനിക്കറിയാം. ഒരുപാട്‌ പേര്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്‌. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും അവരുടെ മിന്നാമിനുങ്ങു പ്രകാശം ഞാന്‍ കാണുന്നു. ഇവിടെ എന്റെ കുട്ടികളായിരുന്നു എന്റെ കൂടെ. അവരാണ്‌ എനിക്കു കിട്ടിയ ഏറ്റവും വലിയ അവാര്‍ഡ്‌. വിത്തുകള്‍ വിതറിയിരിക്കുന്നു. അതു വിതക്കുന്നവന്റെ കാര്യം. മഴയും വെയിലും ആകാശം തരും. പോഷകങ്ങള്‍ മണ്ണിലുണ്ട്‌. വിത്തുകള്‍ വളരും. കുറേ നശിക്കും. വളരുന്നവ പൂവിടും. കായുണ്ടാവും അവ വിത്തുകളായി മുളച്ചു വരും. ഞാന്‍ വിത്തിട്ടു പോവാന്‍ ഒരുങ്ങുന്നു. വിത്തുകള്‍ വീണ്ടും വിതക്കേണ്ടത്‌ എന്റെ പ്രിയപ്പെട്ടവരായ നിങ്ങളുടെ ചുമതലയാണ്‌. ആരും രക്ഷകനെ പ്രതിക്ഷിച്ചിരിക്കേണ്ട. നിങ്ങള്‍ തന്നെയാണ്‌ രക്ഷകന്‍. നമ്മുടെ ഇക്കോ-സ്‌പിരിച്വാലിറ്റി സന്ദേശം മറ്റുള്ളവരുമായി പങ്കു വെക്കുക. സമയം തീരുന്നു. നല്ലതു വരട്ടെ
പ്രസാദം ഈ ലക്കത്തോടെ നിര്‍ത്തുകയാണ്‌. എന്റെ ശരീരസ്ഥിതി അത്ര നന്നല്ല. പ്രസാദം ഞാന്‍ ആര്‍ക്കും കൈമാറുകയില്ല. അത്‌ മഹാ അപരാധമായിരിക്കും. എന്ന്‌ പൂര്‍വ്വകാലാനുഭവങ്ങള്‍ പഠിപ്പിച്ചിരിക്കുന്നു. എന്റെ എല്ലാ കൃതികളും സുരക്ഷിതമായ ഒരു സ്ഥലത്ത്‌ ഉണ്ടായിരിക്കും. എങ്കിലും പുസ്‌തകങ്ങളെ ആശ്രയിക്കരുതേ! പ്രകൃതിയെ ആശ്രയിക്കുക, നിങ്ങളുടെ മനസ്സ്‌ വഴി കാട്ടിത്തരും.

ഞാന്‍ പോയാല്‍ ചടങ്ങുകളും ആചാരങ്ങളും ചരമ പ്രസംഗങ്ങളും ഒഴിവാക്കണമേ എന്നൊരഭ്യര്‍ത്ഥനയുണ്ട്‌. സ്‌മാരകങ്ങളും വേണ്ട. എന്റെ ഈ ശരീരം ചൈതന്യമറ്റാല്‍ അത്‌ അഗ്‌്‌നിയില്‍ സമര്‍പ്പിക്കപ്പെടട്ടെ. എന്റെ അടുത്തുള്ള പ്രതിഷ്‌ഠാനം ബന്ധുക്കള്‍ അത്‌ ഉറപ്പു വരുത്തണം.

എന്റെ സ്‌നേഹം എന്നും എന്നും നിങ്ങളുടെ കൂടെ കാണും.
എന്ന്‌, സ്‌നേഹത്തോടെ
സ്വന്തം

ജോണ്‍സി



ജീവിതരേഖ
  • 1936ല്‍ കോട്ടയം ജില്ലയിലെ നാട്ടകത്ത്‌ ജനനം
  • ജന്തുശാസ്‌ത്രത്തില്‍ മദ്രാസ്‌ ക്രിസ്‌ത്യന്‍ കോളേജില്‍ നിന്നുമുള്ള ബിരുദാനന്തര ബിരുദത്തിനുശേഷം 1960ല്‍ കോഴിക്കോട്‌ ദേവഗിരി കോളേജില്‍ ജന്തുശാസ്‌ത്ര അദ്ധ്യാപകനായി ചേര്‍ന്നു. ഈ കാലയളവില്‍ മറൈന്‍ ബയോളജിക്കല്‍ ക്ലബ്ബ്‌, ബേഡ്‌ വാച്ചിംഗ്‌ ക്ലബ്ബ്‌ എന്നിയിലൂടെ വിദ്യാര്‍ത്ഥികളെ കാമ്പസിനു വെളിയിലേക്ക്‌ നയിച്ചു
  • 1965ല്‍ പയ്യന്നൂര്‍ കോളേജില്‍ അദ്ധ്യാപകനായി ചേര്‍ന്നു.
  • 1972ല്‍ കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി സംഘടനയായ Zoological Club രൂപീകരിച്ചു. ഇതിന്റെ കീഴില്‍ സ്‌കൂളുകളില്‍ കോളേജുകളിലും Nature Club കളും, പ്രകൃതിപഠന ക്യാമ്പുകളും സംഘടിപ്പിച്ചു. (ഇന്ത്യയില്‍ ലോക വന്യജീവി സംഘടനയായ WWF 1974ലാണ്‌ Nature Club തുടങ്ങിയത്‌ എന്ന കാര്യം ഓര്‍ക്കണം)
  • 1973ല്‍ കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി ജേണലായ "മൈന" പുറത്തിറക്കി.
  • 1977 ഡിസംബറില്‍ തെക്കേ ഇന്ത്യയില്‍ ആദ്യത്തേതും ഇന്ത്യയില്‍ മൂന്നാമത്തേതുമായ പ്രകൃതി സഹവാസം ഏഴിമലയില്‍ നടത്തി. പ്രൊഫ. എം.കെ.പ്രസാദ്‌, ഡോ. ഡി.എന്‍ മാത്യു, പ്രൊഫ. കെ.കെ. നീലകണ്‌ഠന്‍ എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തിരുന്നു.
  • 1979ല്‍ SEEK എന്ന പരിസ്ഥിതി സംഘടനക്ക്‌ രൂപം നല്‍കി.
  • 1981ല്‍ "സൂചിമുഖി" എന്ന പരിസ്ഥിതി മാസികക്ക്‌ തുടക്കം കുറിച്ചു.
  • "ഒരേ ഭൂമി ഒരേ ജീവന്‍" എന്ന സംഘടനയുടെ മുഖപത്രമെന്ന നിലക്ക്‌ 1987 ജൂലൈ മാസം "ആന്‍ഖ്‌'" എന്ന മാസിക പുറത്തിറക്കാന്‍ തുടങ്ങി
  • 1992-ല്‍ പയ്യന്നൂര്‍ കോളേജില്‍ നിന്നും വിരമിച്ചു.
  • "പ്രതിഷ്‌ഠാനം കൂട്ടായ്‌മ"യുടെ നേതൃത്വത്തില്‍ 1995 മുതല്‍ "പ്രസാദം" പുറത്തിറക്കുന്നു
  • 2008 സെപ്‌തംബര്‍ 13-ന്‌ കാലത്ത്‌ പയ്യന്നൂര്‍ കേശവതീരം ആയുര്‍വേദ ആശുപത്രിയില്‍ വെച്ച്‌ മരണം.
..........പ്രസിദ്ധീകൃതമായ ഗ്രന്ഥങ്ങള്‍
  • -"പ്രകൃതി നിരീക്ഷണവും വ്യാഖ്യാനവും" (മലബാര്‍ നാച്യുറല്‍ ഹിസ്റ്ററി സൊസൈറ്റി)
  • - "ഉറങ്ങുന്നവരുടെ താഴ്‌വരകള്‍" (സമയം പബ്ലിക്കേഷന്‍സ്‌)
  • - "ഇഷ്‌മായേല്‍" (വിവര്‍ത്തനം)
  • - "എന്റെ ഇഷ്‌മായേല്‍ (വിവര്‍ത്തനം)

    പുരസ്‌കാരങ്ങള്‍
  • 2004 ലെ സ്വദേശി പുരസ്‌കാരം
  • 2005 ല്‍ വനമിത്ര അവാര്‍ഡ്‌
  • 2008 ല്‍ കേരള ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ ഹരിതം അവാര്‍ഡ്‌
പിന്‍മൊഴി : പ്രകൃതിയിലെ ചലനാത്മകതയില്‍ മനസ്സൂന്നിയ ഒരാള്‍ ഒരു പക്ഷേ, ജോണ്‍സിയെ പോലെയാവാം. മറ്റൊരു പുതു നാമ്പിന്റെ ഉടലെടുപ്പിന്‌, പരിണാമത്തിന്റെ പ്രകൃതിനിയമത്തിന്‌ വിധേയനാവാന്‍ വേണ്ടിയെന്ന പോലെ ജീവിതം മുഴുവന്‍ ബഹിഷ്‌കൃതനായി പോയി ഇദ്ദേഹം

ജോണ്‍സി സ്ഥാപിച്ച "സീക്ക്‌" എന്ന പരിസ്‌ഥിതി സംഘടനയില്‍ നിന്നും അതിന്റെ പ്രസിദ്ധീകരണമായ 'സൂചിമുഖി'യില്‍ നിന്നും ഇദ്ദേഹത്തിന്‌ ഇറങ്ങിപോവേണ്ടി വന്നു. (എങ്കിലും ഇന്നും നിലനിന്നുപോവുന്ന അതിന്റെ നല്ല നടത്തിപ്പില്‍ അദ്ദേഹം തൃപ്‌തനായിരുന്നു) പിന്നീട്‌ തുടങ്ങിയ 'ആന്‍ഖ്‌' ന്റെയും സ്ഥിതി ഇങ്ങിനെ തന്നെ. അത്‌ പേരു മാറ്റി 'പ്രകൃതി' യായും പിന്നിട്‌ `ഒരേ ഭൂമി ഒരേ ജിവനു'മായി ഇന്നും നിലനില്‍ക്കുന്നു.

ജോണ്‍സിസാര്‍ വിവാഹിതനായിരുന്നു. മുഴുവന്‍ സമയവും പഠനയാത്രകളും പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി കഴിയുന്ന ഒരാളുടെ കുടുംബജീവിതം എങ്ങിനെയിരിക്കും ? അവസാനം അത്‌ വേര്‍പിരിയലില്‍ ചെന്നെത്തി. പിന്നീട്‌ ഒരു എട്ടുവയസ്സുകാരി കുഞ്ഞിനെ ദത്തെടുത്തു. വളര്‍ന്നപ്പോള്‍ അവളെ വിവാഹം കഴിപ്പിച്ചു വിട്ടു. സര്‍വ്വീസില്‍ നിന്നും വിരമിച്ചപ്പോള്‍ കിട്ടിയ പണം കൊണ്ട്‌ പാലക്കാട്‌ കുറച്ചു ഭൂമി വാങ്ങിച്ചിരുന്നു. പിന്നീട്‌ വളര്‍ത്തുമകളുടെ നിര്‍ബന്ധപ്രകാരം ആ സ്ഥലം വിറ്റ്‌ തൃശൂരില്‍ ഒരു വീടും സ്ഥലവും വാങ്ങിച്ച്‌ അവളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്‌തു. ഒരു ദിവസം ജോണ്‍സി സാറിനെ ഈ വളര്‍ത്തു പുത്രി ഇറക്കി വിട്ടു. പഴയ വിദ്യാര്‍ത്ഥികള്‍ ഇദ്ദേഹത്തെ വീണ്ടും പയ്യന്നൂരിലേക്ക്‌ കൂട്ടി കൊണ്ടു വന്നു. വാടക വീട്ടില്‍ താമസം.. ഇതിനിടെ കാലുകള്‍ രണ്ടും തളര്‍ന്നുപോവുന്നു. ഇവിടേയും സ്‌നേഹം കൊടുത്തവര്‍ ഇട്ടേച്ചു പോവുന്നു. പിന്നീട്‌ ശിഷ്യന്‍മാരും കാഞ്ഞങ്ങാട്ടുകാരായ പത്മനാഭന്‍, അവരുടെ അനുജത്തി സുധ എന്നിവരുമായിരുന്നു ഇദ്ദേഹത്തെ പരിചരിച്ചത്‌.

സമ്പാദ്യം കൈമാറുന്നു : പയ്യന്നൂര്‍ കോളേജിനടുത്ത വാടക വീട്ടില്‍ ശേഖരിച്ചു വെച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ പഠന സാമഗ്രികളും പുസ്‌തകങ്ങളും എഴുത്തുകുത്തുകളും കമ്പ്യൂട്ടറും കോഴക്കോട്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'മലബാര്‍ നാച്യൂറല്‍ ഹിസ്റ്ററി സൊസൈറ്റി'ക്ക്‌ 26-10-2008 ന്‌ കൈമാറുന്ന ഒരു ചെറു ചടങ്ങോടെ എടാട്ടില്‍ നിന്നും ഇദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പോലും വിട വാങ്ങുന്നു

പ്രസിദ്ധീകരണം, സംഘടന, കുടുംബം തുടങ്ങിയ സ്വന്തമെന്നു കരുതുന്ന എല്ലാ സ്‌ഥാപനങ്ങില്‍ നിന്നും നിന്നും സ്വയം ഇറങ്ങിപോവുകയോ, ഇറക്കിവിടപ്പെടുകയോ ചെയ്യേണ്ടിവന്നിട്ടുണ്ടെങ്കിലും സംസാരത്തിലൊന്നും വ്യക്തിപരമായ ഇത്തരം ദുരന്തങ്ങളെക്കുറിച്ചധികം സൂചിപ്പിക്കാറില്ലായിരുന്നു. ഉല്‍കണ്‌ഠകള്‍ മുഴുവനും പ്രകൃതി നശീകരണത്തെക്കുറിച്ചും മനുഷ്യനെത്തിച്ചേരുന്ന ദാരുണാവസ്ഥയെക്കുറിച്ചുമായിരുന്നു. എന്നാല്‍ പ്രകൃതിയോടൊത്ത്‌ മനുഷ്യന്‌ കൈവരിക്കാനുള്ള കയറ്റങ്ങളെക്കുറിച്ചുള്ള നേരിയ പ്രതിക്ഷ അദ്ദേഹത്തിനുണ്ടായിരുന്നുതാനും. ഇങ്ങിനെയുള്ള കയറ്റിറക്കങ്ങളാവാം ഒരു പക്ഷേ, ജോണ്‍സിയുടെ മുഖത്തെ ഇത്രയും ശാന്തമാക്കിയതും ആ കാലുകളെ അവസാനം ഇങ്ങിനെ തളര്‍ത്തികളഞ്ഞതും.

ഒപ്പം വായിക്കുക
 പ്രൊഫ. ജോണ്‍സി ജേക്കബ് ,
ഗ്രീന്‍ യൂത്ത്‌
പ്രൊഫ. ജോണ്‍സി ജേക്കബ്
സന്തോഷ്‌ എടുത്ത ചിത്രങ്ങള്‍ : ഒന്ന്‌, രണ്ട്‌ , മൂന്ന്‌

8 comments:

smitha adharsh October 17, 2008 at 9:22 AM  
This comment has been removed by the author.
smitha adharsh October 17, 2008 at 9:22 AM  

നന്ദി ഈ പോസ്റ്റ് നു...
ലതി ചേച്ചിയുടെ പോസ്റ്റില്‍ നിന്നാണ് ആദ്യമായി ഇദ്ദേഹത്തെ പ്പറ്റി അറിഞ്ഞത്..

siva // ശിവ October 18, 2008 at 7:56 AM  

ഇങ്ങനെയൊക്കെയുള്ളവര്‍ ഇവിടെ ജീവിച്ചിരുന്നുവെന്ന് അറിയുന്നത് തന്നെ ഇതൊക്കെ വായിക്കുമ്പോഴാ...

Lathika subhash October 18, 2008 at 5:52 PM  

വിദുരര്‍,
ഞാനറിയാതെ പോയ ഒരുപാട്
ജോണ്‍സി വിശേഷങ്ങള്‍ പകര്‍ന്നു തന്നതിനു നന്ദി.
വെളിച്ചം ദു:ഖമാണെന്നു പറഞ്ഞതെത്ര സത്യം.
വായിച്ചപ്പോള്‍ വിഷമം തോന്നി.
ആ ഓര്‍മ്മയ്ക്കു മുന്‍പില്‍ ഒരു പിടി കണ്ണീര്‍ പുഷ്പങ്ങള്‍ കൂടി...........

ഗീത October 22, 2008 at 6:46 AM  

ജോണ്‍ സി യെ കുറിച്ച് അറിയാനിടയായതില്‍ വളരെ സന്തോഷം. വിദുരര്‍ക്ക് നന്ദി.

സന്തോഷ്. November 5, 2008 at 1:06 AM  

ജോണ്‍സിയുടെ കുറിപ്പ് ഇങ്ങനെ ചേര്‍ത്തത് നല്ലതു തന്നെ.. പ്രസാദം വാ‍യിക്കാന്‍ കഴീയാത്ത പലര്‍ക്കും ഇതില്‍ കൂടി അത് സാധിച്ചു.
ജോ‍ണ്‍സി പറഞ്ഞകാര്യങ്ങള്‍ പുസ്തകത്താളുകള്‍ക്കൊപ്പം ഇങ്ങനെ ഇന്‍റര്‍നെറ്റ് വഴിയും അറീയിക്കുക എന്നത് നല്ല കാര്യം തന്നെ.. ലോകത്തിന്‍റെ പലകോണിലും ജോണ്‍സി തെളിയിച്ച ദീപങ്ങള്‍ കെടാതെ യൂണ്ടാകും.. ആ വിളക്കുകള്‍ ഒന്നുകൂടി ശോഭ പരാത്താന്‍ മറ്റുള്ളവര്‍ക്ക് വെളിച്ചം കാട്ടാന്‍ അത് സാധ്യമായേക്കും.. ഇഷ്മായേലിനെ ഓര്‍ക്കുക.നൂറു പേരോട് പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ നീ പത്ത് പേരോട് പറയുക. അതുമല്ലെങ്കില്‍ ഒരാളോട് . അയാള്‍ ആയിരം പേരോട് പറഞ്ഞൂ കൊള്ളും.. ‍

NB:പുരസ്കാരത്തിന്‍റെ പേര് വൃക്ഷമിത്ര എന്നല്ല “വനമിത്ര” എന്നാണ്.
അതുപോലെ, “ഹരിതം അവാര്‍ഡ്”

വിദുരര്‍ November 6, 2008 at 4:38 AM  

Smitha, ശിവ, ലതി, ഗീതാഗീതികള്‍ വന്നു വായിച്ചതിനു നന്ദി.
സന്തോഷ്‌, നന്ദി, തെറ്റു തിരുത്തി കെട്ടോ.

insight July 22, 2013 at 9:56 AM  

വളരെ നല്ല പോസ്റ്റ്‌ . എല്ലാം ഒന്നാണ് എന്ന ചിന്ത എത്ര മഹത്തരം . എനിക്കും അതുതന്നെ തോന്നുന്നു .. നന്ദി

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP